Downloads

തോല്‍പ്പാവക്കൂത്ത്

കേരളപ്പിറവി ദിനാഘോഷം

ചാത്തമംഗലം: രണ്ടായിരത്തിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ആചാരാനുഷ്ഠാന കലാരൂപമായ തോല്‍പ്പാവക്കൂത്ത് വിദ്യാർത്ഥികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഇക്കുറി കേരളപ്പിറവി ആഘോഷിച്ചത്. ഷൊർണൂരിലെ കൃഷ്ണന്‍കുട്ടി പുലവർ സ്മാരക തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ പദ്മശ്രീ രാമചന്ദ്ര പുലവർ സംവിധാനം ചെയ്ത ‘കേരളീയം’ എന്ന പാവ നിഴല്‍ നാടകമാണ് അദ്ദേഹത്തിന്‍റെ മകന്‍ കൂനത്തറ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സ്കൂള്‍ വേദിയില്‍ അരങ്ങേറിയത്. പുരാതനകാലത്ത്, പഠിക്കാനും അറിയാനും സാഹചര്യമുണ്ടായിരുന്ന, സര്‍വ്വജ്ഞാനവും ഉള്ളവരായി കണക്കാക്കപ്പെട്ടിരുന്ന പട്ടര്‍ സമുദായക്കാരിലൊരാള്‍ വന്ന് നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലായിരുന്നു തോല്‍പ്പാവക്കൂത്ത് അവതരണം. പരശുരാമന്‍ മഴുവെറിഞ്ഞ കേരളോത്പത്തി ഐതിഹ്യം മുതല്‍ നാടിന്‍റെ സ്വാതന്ത്ര്യസമരചരിത്രം, ദലിതരുടെ അക്ഷരജ്ഞാന അവകാശത്തിനായുള്ള അയ്യങ്കാളിയുടെ ഐതിഹാസിക പോരാട്ടം, ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരെ ചങ്ങമ്പുഴയുടെ രോഷപ്രകടനമായ വാഴക്കുല, മാതൃത്വത്തിന്‍റെ മഹത്വവുമായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, മാവേലി പുരാണം തെയ്യങ്ങള്‍, വൈവിധ്യങ്ങളായ നൃത്ത കലാ രൂപങ്ങള്‍, സാഹിത്യകൃതികള്‍, സാമൂഹിക സാംസ്കാരിക ജീവിതങ്ങള്‍ തുടങ്ങി കേരളത്തിന്‍റെ ഒട്ടനവധി മേഖലകള്‍ പാവക്കൂത്തില്‍ പരാമർശിച്ചു. പാവക്കൂത്തിന്‍റെ ചരിത്രവും കേരളത്തിലും ലോകത്താകെയും ഇപ്പോള്‍ പ്രചാരത്തിലുള്ള വിവിധ പാവക്കൂത്ത് അവതരണങ്ങളും രാജീവ് പുലവർ വിശദീകരിച്ചു. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളുമായി 120-ലേറെ പാവകള്‍ നിഴലും വെളിച്ചവുമായി കൂത്തുമാടത്തില്‍ ദൃശ്യവിസ്മയം തീർത്തു. രാജീവ് പുലവർക്കൊപ്പം വിജയ് കൃഷ്ണ, ശ്രീലാല്‍, അഭിനവ്, ഇഷാന്‍ കൃഷ്ണന്‍, അപ്പു, ആദിത്യന്‍ എന്നീ പാരമ്പര്യ തോല്‍പ്പാവക്കൂത്ത് കലാകാരന്മാരാണ് അണിയറയില്‍ പാവച്ചരടുകള്‍ നിയന്ത്രിച്ചത്. സ്കൂള്‍ യൂത്ത് പാർലിമെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികള്‍ക്ക് വിവിധ മത്സരങ്ങളും നടത്തി.

News letter

Get the latest Dayapuram news delivered to your inbox.