Downloads

ദയാപുരം എംടി വാരം

എം ടി എഴുത്തിൽ ഒതുങ്ങാത്ത വ്യക്തിത്വം : മുകുള്‍ കേശവൻ

ദയാപുരം: എഴുത്തിലൊതുങ്ങാത്ത മഹാവ്യക്തിത്വങ്ങളുടെ ഒരു പൈതൃകം ഇന്ത്യയിലെ പ്രാദേശികഭാഷകളിലുണ്ടെന്നും ഇഖ്ബാൽ, ടാഗോർ, ശിവറാം കോറന്ത്, അനന്തമൂർത്തി തുടങ്ങിയവരുടെ ഈ നിരയിൽ സ്ഥാനപ്പെടുത്തേണ്ട എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ എന്നും പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനുമായ മുകുൾ കേശവൻ പറഞ്ഞു. എംടിയുടെ ജന്മദിനത്തിൽ ദയാപുരത്ത് ആരംഭിച്ച എംടി വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു കൈകൊണ്ടും 24 മണിക്കൂറും എഴുതിയെന്നു തോന്നിപ്പിക്കാവുന്നത്ര പേജുകൾ എഴുതുക, സിനിമയ്ക്ക് തിരക്കഥകൾ എഴുതുക, സംവിധാനം ചെയ്യുക, മാധ്യമങ്ങളിൽ ജോലി ചെയ്യുക, സാഹിത്യ ഉത്സവങ്ങൾ നടത്തുക, സൂക്ഷ്മമായ അർത്ഥത്തിൽ തീക്ഷ്ണമായി സാമൂഹ്യമാറ്റങ്ങളോടു പ്രതികരിക്കുക - ഇതൊക്കെ ഒരുമിച്ചു ചെയ്ത ഒരാളെ ഓർക്കുകയെന്നാൽ അദ്ദേഹം പ്രവർത്തിച്ച പൊതുമണ്ഡലത്തെത്തന്നെ ആഘോഷിക്കുകയെന്നാണ്. ഒരേസമയം സ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കുമ്പോഴും പുറത്തുള്ള ലോകത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയെന്നതാണ് എംടിയുടെ പ്രത്യേകതയായി തനിക്ക് തോന്നുന്നതെന്നു മുകുൾ കേശവൻ അഭിപ്രായപ്പെട്ടു എം ടിയുടെ ശ്രദ്ധയുടെ വ്യാപ്തി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള മനുഷ്യരോടു മാത്രമല്ല ചെടികളോടും മരങ്ങളോടും മലകളോടും വരെ ഈ ശ്രദ്ധയുണ്ട്. മനുഷ്യർ താൻ ജീവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹത്തെ ഉള്ളിൽനിന്ന് തകർത്തു കൊണ്ടിരിക്കുകയാണെന്ന സത്യം പറയാനുള്ള ഭാഷയ്ക്കായുള്ള അന്വേഷണം എംടിയിൽ കാണാം. അദ്ദേഹം പറഞ്ഞു 'സാഹിത്യം, ചലച്ചിത്രം, മതേതര സാമാന്യബോധം' എന്ന വിഷയത്തെപ്പറ്റി എൻപി ആഷ്‌ലിയുമായി നടത്തിയ ഒന്നാമത് എം ടി അനുസ്മരണ സംഭാഷണത്തിൽ മതേതരത്വം/വർഗീയത എന്ന പരികല്പനയെ ബഹുസ്വരത/ ഭൂരിപക്ഷതാവാദം എന്ന സംജ്ഞയിലേക്ക് മാറ്റേണ്ടതിനെക്കുറിച്ച് മുകുൾ കേശവൻ സംസാരിച്ചു. ഭൂരിപക്ഷതാവാദം രാഷ്ട്രീയമായി നിർമ്മിച്ചെടുക്കുന്നതാണ്. അത് ഭൂരിപക്ഷത്തിന്‍റെ രാഷ്ട്രീയ ഇച്ഛയോ താല്പര്യമോ അല്ല. അതിന്‍റെ സാമാന്യബോധത്തെ ഗാന്ധി, അംബേദ്കർ, നെഹ്റു, ആസാദ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബഹുസ്വരതയുടെ സാമാന്യബോധം കൊണ്ട് എതിർക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു ശിഥിലീകരിക്കപ്പെട്ടുതുടങ്ങിയ കേരളീയവ്യക്തിത്വത്തിന്‍റെ രേഖപ്പെടുത്തലാണ് എംടിയുടെ നോവലുകളിൽ കാണുന്നതെന്നും ആ അർത്ഥത്തിലാണ് അദ്ദേഹത്തിന്‍റെ കേരളീയതയെ വായിക്കേണ്ടതെന്നും 'എം ടിയും കേരളീയതയും' എന്ന പ്രഭാഷണത്തിൽ സുനിൽ പി ഇളയിടം നിരീക്ഷിച്ചു. 'എന്‍റെ പ്രിയപ്പെട്ട എംടി സിനിമകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജിയോ ബേബി, ഷാഹിന റഫീഖ്, ഷഫീഖ് താമരശ്ശേരി എന്നിവർ പങ്കെടുത്തു. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് പ്രഫസർ രോഹിത് പി മോഡറേറ്ററായിരുന്നു ഉദ്ഘാടന ചടങ്ങിൽ ഡോ. എം എം ബഷീർ അധ്യക്ഷത വഹിച്ചു ദയാപുരം എം ടി വാരത്തിന്‍റെ ക്യൂറേറ്ററും ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനുമായ എൻ.പി ആഷ് ലി പരിപാടി അവതരിപ്പിച്ചു. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹീം ഉപഹാരങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി, കോളേജ് പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ എന്നിവർ സംസാരിച്ചു. കോളേജ് അധ്യാപകരായ ഗ്രീന രവി സ്വാഗതവും ശ്രീഷ്മ പി.വി നന്ദിയും പറഞ്ഞു.

News letter

Get the latest Dayapuram news delivered to your inbox.