Downloads

ദയാപുരം മിനി ലോകകപ്പില്‍ അർജന്‍റീന ചാമ്പ്യന്മാർ

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ചടുലതാളങ്ങളാവാഹിച്ച് ഖത്തറിലെ കളിക്കളങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിക്കുമ്പോള്‍, കോഴിക്കോട് ചാത്തമംഗലം ദയാപുരം സ്കൂള്‍ മൈതാനിയിലും പന്തുരുണ്ടു. ദയാപുരം മിനി ലോകകപ്പ് എന്ന പേരില്‍ കാംപസിലെ സുല്‍ത്താന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നുദിവസത്തെ ടൂർണമെന്‍റില്‍ ടീം അർജന്‍റീന കപ്പുയർത്തി. സമീപഭാവിയില്‍ത്തന്നെ മാതൃരാജ്യമായ ഇന്ത്യ ഫിഫ ലോകകപ്പില്‍ സാന്നിധ്യമറിയിക്കുമെന്ന കൌമാരപ്രതീക്ഷകള്‍ ഗാലറിയില്‍നിന്ന് ആർപ്പുവിളികളായി വാനിലുയർന്നു. ഇന്ത്യയ്ക്ക് ലോകകപ്പിൽ കളിക്കാനുള്ള താരങ്ങൾ ദയാപുരത്തുനിന്നുണ്ടാവട്ടെ എന്ന കുട്ടികളുടെ ആഗ്രഹങ്ങളായിരുന്ന ആ ആവേശാരവം. ദയാപുരം സ്റ്റുഡന്‍റ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിനി ലോകകപ്പില്‍, ലോകരാജ്യങ്ങളുടെ ജഴ്സിയില്‍ കുട്ടികള്‍ കളത്തിലിറങ്ങിയത്, ലോകകപ്പ് ജ്വരത്തില്‍ മാത്രമായിരുന്നില്ല, പകരം, തങ്ങളുടെ വിദ്യാലയം ഉള്‍ക്കൊള്ളുന്ന ദയാപുരമെന്ന വിദ്യാഭ്യാസ സാംസ്കാരികകേന്ദ്രത്തിനു പ്രചോദനമായ, ഖത്തറിന്‍റെ മുന്‍ മതകാര്യവകുപ്പുമേധാവി മണ്‍മറഞ്ഞ ശെയ്ഖ് അബ്ദുള്ള ഇബ്രാഹിം അല്‍ അന്‍സാരിയോടും കുടുംബത്തോടുമുള്ള ആദരസൂചകമായിക്കൂടിയാണ്. ചാമ്പ്യന്‍മാർക്കുള്ള കപ്പിന്‍റെ രൂപകല്പനയടക്കം ഖത്തർ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ അതേ മാതൃകയില്‍ത്തന്നെയായിരുന്നു സ്കൂള്‍ മിനി ലോകകപ്പിന്‍റെയും സംവിധാനങ്ങള്‍. ഓരോ ടീമും അതതു രാജ്യത്തിന്‍റെ ദേശീയഗാനത്തോടെ മൈതാനത്തു നിരന്നു. അർജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്‍, പോർച്ചുഗല്‍, ഇംഗ്ലണ്ട്, ജർമനി, ബെല്‍ജിയം ടീമുകള്‍ക്കൊപ്പം ഫിഫ ലോകകപ്പില്‍ ആതിഥേയരാജ്യമായ ഖത്തറെന്നപോലെ ദയാപുരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമും പോരാട്ടത്തിനിറങ്ങി. ദയാപുരം ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം നല്കിയ പാസ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വലയിലേക്കു പായിച്ചതോടെ ടൂർണമെന്‍റ് തുടങ്ങി. ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അർജന്‍റീന ദയാപുരം മിനി ലോകകപ്പില്‍ മുത്തമിട്ടത്. അർജന്‍റീന ക്യാപറ്റന്‍ എം.ഷിയാസ് മുഹമ്മദ് ടൂർണമെന്‍റിലെ മികച്ച കളിക്കാരനും ഷഹീന്‍ മികച്ച ഗോളിയുമായി. പോർച്ചുഗലിന്‍റെ എം ഫലാഹുദ്ദീന്‍ കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയായി. സമാപനസമ്മേളനത്തില്‍ ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. "ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കിട്ടാതെ കഷ്ടപ്പെടുന്ന ആർക്കും, അയാളുടെ മതമോ പ്രദേശമോ ഏതുമാകട്ടെ, ഒരു അഭയസ്ഥാനമായി ദയാപുരം വളരണം" എന്ന ശെയ്ഖ് അന്‍സാരിയുടെ ഉദ്ഘാടനസന്ദേശത്തിലൂന്നിയുള്ള നാലു പതിറ്റാണ്ടിന്‍റെ സേവനം അടയാളപ്പെടുത്തുന്നതായിരുന്നു മിനി ലോകകപ്പിന്‍റെ കിക്ക് ഓഫ് വേദിയെന്നു വിദ്യാർത്ഥികള്‍ പറഞ്ഞു. ജാതി, മത, ദേശ, വർണ, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യന്‍ ഒന്നാകുന്ന മഹത്തായ സന്ദേശമാണ് ലോകകപ്പ് വേദിയെന്നും ഏതു രാജ്യത്തിനുവേണ്ടി, ഏതു ജഴ്സിയില്‍ കളിക്കുമ്പോഴും ദേശീയതയ്ക്കൊപ്പം വിശ്വപൌരത്വമെന്ന അവബോധമാണു മുന്നില്‍ നില്ക്കേണ്ടതെന്നും ഐക്യബോധത്തിന്‍റെ ഈ സന്ദേശം വിദ്യാർത്ഥികളെ അനുഭവിപ്പിക്കുകയാണ് മിനി ലോകകപ്പിന്‍റെ പ്രധാന ലക്ഷ്യമെന്നും എക്സിക്യൂട്ടിവ് സെക്രട്ടറി സി.ടി ആദിൽ ആശംസാസന്ദേശത്തില്‍ അറിയിച്ചു. കോവിഡാനന്തര ഒതുങ്ങിക്കൂടലുകളില്‍നിന്ന് കുട്ടികളെ കളിക്കളത്തിലേക്കിറക്കുമ്പോള്‍ ശാരീരികക്ഷമതയ്ക്കൊപ്പം അച്ചടക്കം, ക്ഷമ, പരസ്പരബഹുമാനം, മറ്റുള്ളവരുടെ ഇടങ്ങളെയും അവസരങ്ങളെയും മാനിക്കല്‍ തുടങ്ങിയ മാനസികഗുണങ്ങളുടെ വികാസം കൂടിയാണു ഉദ്ദേശിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ പി.ജ്യോതി പറഞ്ഞു.

News letter

Get the latest Dayapuram news delivered to your inbox.